ഒരു സിനിമയും നാലു പെണ്ണുങ്ങളും

തെരുവില്‍ നിന്ന് ഒരു ഭര്‍ത്താവിനെ ലഭിച്ചിട്ടും നീതിപീഠം ശിക്ഷ വിധിക്കുന്ന കുഞ്ഞിപ്പെണ്ണ്, ഭര്‍ത്താ‍വുണ്ടായിട്ടും കന്യകയായി കഴിയേണ്ടി വന്ന കുമാരി, കുട്ടികള്‍ പിറന്നിട്ടും വാഴാത്തതിന്റെ ദുഃഖം പേറുന്ന ചിന്നു അമ്മ, പുരുഷസാമീപ്യം കൊതിച്ചിട്ടും നിത്യകന്യകയായി കഴിയേണ്ടി വന്ന കാമാക്ഷി – തകഴി ദശകങ്ങള്‍ക്കു മുന്‍പേ അനശ്വരമാക്കിയ ഈ നാലു കഥാപാത്രങ്ങളെ ‘നേരിട്ടു കാണാന്‍’ അവസര്‍ന്‍ ഒരുക്കിയിരിക്കുകയാണ് അടൂര്‍ നാലു പെണ്ണുങ്ങള്‍ എന്ന സിനിമയില്‍. കുട്ടനാടന്‍ പശ്ചാത്തലത്തില്‍ സ്ത്രീത്വത്തിന്റെ ഈ നാലു മുഖങ്ങള്‍ തന്മയത്വത്തോടെ അനാവരണം ചെയ്യാന്‍ അടൂരിനു കഴിഞ്ഞിട്ടുണ്ട്.സാങ്കേതികമായി പറഞ്ഞാല്‍ നാലു പേരിലുള്ള നാലു ഷോര്‍ട്ട് ഫിലിമുകളാണ്‌ ഒരു സിനിമയായി അവതരിപ്പിക്കുന്നു: ഒരു നിയമലംഘനത്തിന്റെ കഥ, കന്യക, ചിന്നു അമ്മ, നിത്യകന്യക. നാലു നായികമാര്‍, പ്രത്യക്ഷത്തില്‍ തീര്‍ത്തും ഭിന്നമുഖങ്ങള്‍, എന്നാല്‍ ഇവരുടെ ആന്തരികഭാവം ഒന്നു തന്നെ; സ്വന്തം ഇച്ഛ തിരഞ്ഞെടുക്കാന്‍ കഴിയാത്തതിന്റെ നിസ്സഹായത! തെരുവു വേശ്യയായിരുന്ന കുഞ്ഞിപ്പെണ്ണിന് നിസ്സഹായത പങ്കു വയ്ക്കാന്‍ തെരുവില്‍ നിന്നു കിട്ടിയ ഭര്‍ത്താവുണ്ട്. എന്നാല്‍, മറ്റു മൂന്നു പേരും പങ്കു പറ്റാന്‍ ആരുമില്ലാതെ ദുഃഖം സ്വയം അനുഭവിച്ചു തീര്‍ക്കുന്നവരാണ്. നിശ്വാസമുതിര്‍ക്കാന്‍ മാത്രം കഴിയുന്ന നിസ്സഹായതയുടെ വേദന പ്രേക്ഷകര്‍ക്കു പകര്‍ന്നു നല്‍കാന്‍ ‘നാലു പെണ്ണുങ്ങള്‍’ക്ക് കഴിഞ്ഞിട്ടുണ്ട്. ഭൂതകാലത്തിന്റെ ഭൂപടത്തില്‍ രേഖപ്പെടുത്തിയതെങ്കിലും ആ പ്രമേയങ്ങള്‍ക്ക് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇന്നും പ്രസക്തിയുണ്ട്.

മിക്ക കഥാപാ‍ത്രങ്ങളും കഥാപാത്രങ്ങളോട് നീ‍തി പുലര്‍ത്തി. എങ്കിലും നന്ദിത ദാസിന്റെയും പദ്മപ്രിയയുടെയും അഭിനയം എടുത്തു പറയേണ്ടതാണ്. തനിക്കു വന്ന പുരുഷന്‍, അനിയത്തിയെ സ്വീകരിച്ച രാത്രി നിശ്ശബ്ദമായി കരയുന്ന കാമാക്ഷിയെ മറ്റാര്‍ക്കാണ് അത്ര നന്നായി അവതരിപ്പിക്കാനാ‍വുക! ഡബ്ബിങ്ങിലെ അപാകതയിലും കാമാക്ഷിയെന്ന കഥാപാത്രം പോറലേല്‍‌ക്കാതെ പ്രേക്ഷകമനസ്സിലെത്തിയത് നന്ദിതയുടെ അഭിനയത്തികവ് കാരണമാണ്. ഒരു പക്ഷേ, നാലു ചിത്രങ്ങളില്‍ ഏറ്റവും മികച്ചത് നാലാമത്തെ പെണ്ണിന്റെ കഥ പറഞ്ഞ ‘നിത്യകന്യക’യാകാനും കാരണം അതു തന്നെ.

തികച്ചും യഥാതഥമായ രീതിയില്‍ ചിത്രീകരിച്ചു എന്നതാണ് അടൂരിന് അവകാശപ്പെടാവുന്ന ഏറ്റവും വലിയ മേന്മ. സംവിധാ‍യകന്റെ മിതത്വം സിനിമയിലേക്കാവാഹിക്കാനും ഒട്ടേറെ സന്ദര്‍ഭങ്ങളില്‍ കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല, സാധാരണ പ്രേക്ഷകരെ അദ്ദേഹം മുന്നില്‍ കണ്ടിട്ടുണ്ട് എന്നതും ശ്രദ്ധേയമാ‍യ കാര്യം തന്നെ. നേരെ ചൊവ്വേ പറഞ്ഞാല്‍ ആര്‍ക്കും ആ‍സ്വദിക്കാവുന്ന ഒരു ചലച്ചിത്രം; അതാണ് നാലു പെണ്ണുങ്ങള്‍.

അലോസരപ്പെടുത്തുന്ന മന്ദതാളത്തിലുള്ള ആഖ്യാനരീതിയില്‍ നിന്ന് അടൂര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് മുന്‍പും ചില ചിത്രങ്ങളില്‍ നമ്മള്‍ കണ്ടിട്ടുണ്ടെങ്കിലും നാലു പെണ്ണുങ്ങളില്‍ അതു കൂടുതല്‍ വ്യക്തമാണ്. എന്നാല്‍, ക്യാമറ ഒരിടത്ത് ഫ്രീസ് ചെയ്തിട്ട് ദൃശ്യങ്ങളെ ചലിപ്പിക്കുന്ന വിദ്യ (ഈ കാലത്തിന്റേതല്ല എന്ന് ഉറപ്പിച്ചു പറയാവുന്ന അതേ വിദ്യ തന്നെ!) ഇതിലും കാണാം.

Courtsey: http://thatsmalayalam.oneindia.in

ഒരു മറുപടി കൊടുക്കുക